തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകരിൽനിന്നു പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ ഉപയോഗിച്ച് നെല്ല് സംഭരണം നടപ്പാക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. വരുന്ന സീസണിൽ തന്നെ ഈ സംവിധാനം നടപ്പിലാക്കും. നടപടികൾ ക്രമീകരിക്കുന്നതിനായി ചീഫ് സെക്രട്ടറിയെയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി.
നെല്ല് സംഭരണത്തിന് തയാറുള്ള പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ കർഷകരിൽനിന്ന് നേരിട്ട് നെല്ല് സംഭരിക്കും. പിആർഎസ് അധിഷ്ഠിത വായ്പകളെ ആശ്രയിക്കുന്നത് ഒഴിവാക്കി സംഭരണത്തിനുശേഷം കാലതാമസമില്ലാതെ നെല്ലിന്റെ വില കർഷകന് നൽകും. ജില്ലാ, താലൂക്ക് തലത്തിൽ, സഹകരണ സംഘങ്ങളുടെയും പാടശേഖര സമിതികളുടെയും കർഷകരുടെയും ഓഹരി പങ്കാളിത്തത്തിൽ നോഡൽ സഹകരണ സംഘം രൂപീകരിക്കും.
സഹകരണ സംഘങ്ങൾ വഴി അതാത് പ്രദേശങ്ങളിലെ നെല്ല് സംഭരിക്കും. നോഡൽ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള മില്ലുകളിലോ, വാടകയ്ക്കെടുക്കുന്ന മില്ലുകളിലോ, സ്വകാര്യ മില്ലുകൾ വഴിയോ നെല്ല് സംസ്കരണം നടത്തും. നിശ്ചയിച്ച ഔട്ട്-ടേണ് റേഷ്യോ പ്രകാരം നെല്ല് സംസ്കരിച്ച് പൊതുവിതരണ സംവിധാനത്തിലേക്ക് എത്തിക്കും. നിലവിൽ സ്വകാര്യ മില്ലുകൾക്ക് ലഭ്യമാകുന്ന പൊടിയരി, ഉമി, തവിട് തുടങ്ങിയവയും പ്രോസസിംഗ് ചാർജും നോഡൽ സംഘങ്ങൾക്ക് ലഭിക്കും. നെല്ല് സംഭരണത്തിന്റെ നോഡൽ ഏജൻസി സപ്ലൈകോ ആയിരിക്കും.
മിച്ച ഫണ്ടിന്റെ അപര്യാപ്തത മൂലം നെല്ല് സംഭരണത്തിലേക്ക് ഇറങ്ങാൻ കഴിയാത്ത സഹകരണ സംഘങ്ങൾക്കായി കേരള ബാങ്കിന്റെ പ്രത്യേക സാന്പത്തിക സഹായ വായ്പാ പദ്ധതി രൂപീകരിക്കും. നോഡൽ സഹകരണ സംഘങ്ങൾക്ക് ആവശ്യമായി വരുന്ന പ്രവർത്തന മൂലധന വായ്പ കേരള ബാങ്ക് വഴി നൽകാനും തീരുമാനിച്ചു.
പദ്ധതിയുടെ നടത്തിപ്പിന് സഹകരണ വകുപ്പ്, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, കൃഷി വകുപ്പ് എന്നിവയും പാടശേഖരസമിതികൾ, നെല്ല് കർഷക പ്രതിനിധി, കേരള ബാങ്ക്, നോഡൽ സഹകരണ സംഘങ്ങൾ എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ജില്ലാതല ഏകോപന സമിതി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ രൂപീകരിക്കും. നെല്ല് സംഭരണം, തുക വിതരണം എന്നിവയുടെ നിരീക്ഷണത്തിന് ഡിജിറ്റൽ പോർട്ടൽ സംവിധാനം ഏർപ്പെടുത്തും.
സംഭരണ സമയത്തുതന്നെ കർഷകർക്ക് നെല്ലിന്റെ തുക ലഭ്യമാകും. നെല്ല് സംഭരണത്തിലെ കാലതാമസം ഒഴിവാക്കുന്നതിലൂടെ ഉത്പന്നം നശിക്കുന്നില്ലെന്ന് ഉറപ്പാക്കും. ഭാവിയിൽ സഹകരണ ബ്രാൻഡിംഗിലൂടെ വിലസ്ഥിരതയും മൂല്യവർധനവും ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി.എൻ വാസവൻ, ജി.ആർ. അനിൽ, പി. പ്രസാദ്, കെ. കൃഷ്ണൻകുട്ടി, എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.